കുട്ടികള്‍ ജോലി ചെയ്ത് തന്നെ പഠിക്കട്ടെ

Written by on 27th July 2018

രാവിലെ നാലുമണിക്ക് എഴുന്നേറ്റ് വീട്ടിലെ അത്യാവശ്യപണികള്‍ തീര്‍ത്ത് ധന്യ തന്‍റെ വീടിന് ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള ഫ്ളാറ്റ് സമുച്ചയത്തിലേക്ക് ഓടും. രണ്ട് ഫ്ളാറ്റുകളില്‍ ഒന്നരമണിക്കൂര്‍ വീതം അടുക്കളപ്പണി ചെയ്ത് അവര്‍ കൊടുക്കുന്ന ഭക്ഷണവും കഴിച്ച് തിരിച്ച് വീട്ടിലേക്ക്. വീട്ടിലെത്തി കുളിച്ചൊരുങ്ങി 10 മണിയോടെ സ്കൂളിലേക്ക്. അതെ, 17 വയസ് തികഞ്ഞിട്ടില്ലാത്ത അവള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. വൈകിട്ട് മൂന്നുമണിയോടെ ക്ലാസ് കഴിഞ്ഞാല്‍ അവള്‍ വീണ്ടും ഒരു വീട്ടില്‍ കൂടി ജോലിക്ക് പോകും. ദിവസം 600-700 രൂപ അങ്ങനെയവള്‍ സമ്പാദിക്കുന്നു.

ഒമ്പതാം ക്ലാസുകാരനും നാട്ടില്‍ എല്ലാവര്‍ക്കും പ്രിയങ്കരനുമായ കണ്ണന്‍ ആകട്ടെ 14 വയസില്‍ ചെയ്യാത്ത ജോലികളില്ലെന്ന് തന്നെ പറയാം. പത്രമിടുന്നത് തുടങ്ങി, ഡെലിവറി ബോയ്, ബൈക്ക് മെക്കാനിക്ക് തുടങ്ങി പല ജോലികള്‍ ഇവന്‍ ചെയ്യുന്നു.

ഈ രണ്ട് കുഞ്ഞുങ്ങളെയും കുറിച്ച് എന്‍റെ മനസിലേക്ക് ഓര്‍മ്മ വന്നതിന്‍റെ കാരണം ഹനാന്‍ എന്ന കൊച്ചുമിടുക്കിയാണ്. പഠനത്തിനിടയില്‍ മല്‍സ്യം വിറ്റ് അവള്‍ കുടുംബം പുലര്‍ത്തുന്നതിനെക്കുറിച്ച് വലിയ വാദപ്രതിവാദങ്ങള്‍ നടക്കുന്നു. എന്തുകൊണ്ടാണ് ആദ്യം ആ കുട്ടിയെ പുകഴ്ത്തിയവര്‍ പിന്നീടതിനെ പുച്ഛിക്കുകയും ഒടുവില്‍ മാപ്പുപറയുകയും ചെയ്തത്. ജോലി ചെയ്തുകൊണ്ട് പഠിക്കുന്ന അനേകം കുട്ടികളുണ്ടെങ്കില്‍പ്പോലും കേരളത്തിലെ പൊതുസമൂഹത്തിന് ഹനാനെപ്പോലെയുള്ള കുട്ടികള്‍ പുതുമയാണ്. അത് വിശ്വസിക്കാനും സത്യമെന്ന് അംഗീകരിക്കാനും കഴിയാത്ത മനസ്ഥിതി.

ബാറക് ഒബാമയുടെ മകള്‍ സാഷ തന്‍റെ സമ്മര്‍ വെക്കേഷന്‍ കാലത്ത് യൂണിഫോമണിഞ്ഞ് റെസ്റ്റോറന്‍റില്‍ ജോലി ചെയ്തിരുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ കൗമാരകാലം മുതലേ സമ്പന്നരുടെ കുട്ടികളും ചെറിയ ചെറിയ പാര്‍ട് ടൈം ജോലികള്‍ ചെയ്യുന്നു. മാതാപിതാക്കളെ ആശ്രയിക്കാതെ വിദ്യാഭ്യാസത്തിനുള്ള പണം വിവിധ ജോലികളിലൂടെ കണ്ടെത്തുന്നു. കേരളത്തില്‍ നിന്ന് വിദേശപഠനത്തിന് പോകുന്ന കുട്ടികളും അവിടെയെത്തുമ്പോള്‍ മടികൂടാതെ ഹോട്ടലില്‍ പാത്രം കഴുകുകയും നിലം തുടയ്ക്കുകയുമൊക്കെ ചെയ്യുന്നു. എന്നാല്‍ ഇവിടെ അതവര്‍ക്ക് ചിന്തിക്കാനാകില്ല. ഹനാനെപ്പോലെ പഠനത്തിനിടയില്‍ ജോലി ചെയ്യുന്ന അനേകം കുട്ടികളുടെ കഥകള്‍ പുറത്തുവരുകയും അവര്‍ക്ക് സമൂഹം പിന്തുണ നല്‍കുകയും ചെയ്താല്‍ മാത്രമേ ഇവിടെ അത്തരത്തിലുള്ള തൊഴില്‍ സംസ്കാരം വളര്‍ത്തിയെടുക്കാനാകൂ.

പഠനത്തിനൊപ്പം ജോലി ചെയ്യേണ്ടത് കുടുംബത്തിന്‍റെ സാമ്പത്തികസ്ഥിതി നോക്കിയായിരിക്കരുത്. എന്നാല്‍ കുട്ടികള്‍ക്ക് ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും പല മാതാപിതാക്കളും അതിന് സമ്മതിക്കുന്നില്ല. പണം ലഭിക്കുമ്പോള്‍ അവര്‍ തങ്ങളെ ധിക്കരിക്കുമോ, അവര്‍ അഹങ്കാരികളാകുമോ, പണം അവര്‍ക്ക് തോന്നിയതുപോലെ മോശമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമോ എന്നുള്ള ഭയം മാതാപിതാക്കള്‍ക്കുണ്ട്. യഥാര്‍ത്ഥത്തില്‍ എങ്ങനെ സ്വന്തം വിയര്‍പ്പുകൊണ്ട് പണം കണ്ടെത്താം, അത് മികച്ച രീതിയില്‍ എങ്ങനെ ചെലവഴിക്കാം, അതിന്‍റെ നിശ്ചിതശതമാനം എങ്ങനെ സേവ് ചെയ്യാം…തുടങ്ങിയ അമൂല്യമായ പാഠങ്ങള്‍ പഠിക്കാനുള്ള അവസരമാണ് ജോലി ചെയ്യുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. മാതാപിതാക്കള്‍ അവര്‍ക്ക് അതിനുള്ള പിന്തുണ നല്‍കുകയയാണ് വേണ്ടത്.

ജോലി ചെയ്യാന്‍ മനസുള്ളവര്‍ക്ക് ഇവിടെ അനേകം തൊഴിലവസരങ്ങളുണ്ട്. പുറത്തുപോയി ജോലി ചെയ്യാനുള്ള സൗകര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈനിലൂടെ ജോലി ചെയ്യാനാകും. ട്രാന്‍സ്ക്രിപ്ഷനിസ്റ്റ്, ഡാറ്റ എന്‍ട്രി, ഓണ്‍ലൈന്‍ സര്‍വേ, ആപ്പ് ഡെവലപ്പര്‍, ഓണ്‍ലൈന്‍ ട്യൂട്ടര്‍, ബ്ലോഗിംഗ് തുടങ്ങി ഒട്ടേറെ അവസരങ്ങളുണ്ട്. പ്രൊഫഷണല്‍ കോഴ്സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ മേഖലകളില്‍ തന്നെയുള്ള ജോലികള്‍ (ഓഫ്ലൈനാകട്ടെ, ഓണ്‍ലൈനാകട്ട) തെരഞ്ഞെടുത്താല്‍ പിന്നീട് അവരുടെ കരിയറില്‍ അത് വളരെയേറെ ഗുണം ചെയ്യും.Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.Cart

View cart


Want a call from our Counselor? 

 

 

lifeline

FREE
VIEW