സവിതാ ബെന്‍ പാര്‍മര്‍ – വിജയം കണ്ടെത്തുക

Written by on 26th March 2018

തുടര്‍ച്ചയായ ജീവിതം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ പതറിപ്പോകുന്നവരാണ് കൂടുതലും. അപ്രതീക്ഷിതമായ ഒരു പ്രതിസന്ധി ജീവിതത്തിലുണ്ടാകുമ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത അങ്കലാപ്പ്. പക്ഷേ വെല്ലുവിളി എന്തുമാകട്ടെ, അതിനെ ആസൂത്രിതമായി നേരിടാന്‍ കഴിഞ്ഞാല്‍, അത് പിന്നീട് ഉയര്‍ന്ന നേട്ടങ്ങള്‍ കൊണ്ടുവരും. പ്രശസ്തമായ സ്റ്റെര്‍ലിംഗ് സിറാമിക്സിന്‍റെ ചെയര്‍പേഴ്സണ്‍ സവിതാബെന്‍ പാര്‍മറുടെ ജീവിതകഥ നമുക്കു പറഞ്ഞു തരുന്ന പാഠം അതാണ്.

കുടുംബത്തില്‍ സ്ത്രീയുടെ പങ്ക്

ഗുജറാത്തിലെ ഒരു പാവപ്പെട്ട ദളിത് കുടുംബത്തിലാണ് സവിതാബെന്‍ ജനിച്ചത്. വളരെ ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കള്‍ അവളെ വിവാഹം കഴിച്ചയച്ചു. അഹ്മദാബാദ് മുനിസിപ്പല്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസില്‍ ബസ് കണ്ടക്ടറാണ് ഭര്‍ത്താവ്. കുടുംബം മെല്ലെ വലുതാകുന്നതോടൊപ്പം പ്രതിസന്ധികളും ഏറെ. ആറു കുട്ടികള്‍. പ്രസവവും അനുബന്ധച്ചെലവുകളും വരുത്തി വച്ച കടം. ഒറ്റമുറി വീടിന്‍റെ വാടക. ഭര്‍ത്താവിന്‍റെ തുച്ഛമായ വരുമാനം ഒന്നിനും തികയാത്ത അവസ്ഥ. യാതൊരു വിദ്യാഭ്യാസയോഗ്യതയുമില്ലാത്തതിനാല്‍ ആരും തനിക്കൊരു ജോലി നല്‍കില്ലെന്ന യാഥാര്‍ത്ഥ്യം അവര്‍ മനസിലാക്കി. പിന്നെന്തു ചെയ്യും?

കരിയുടെ ലോകത്തേക്ക്

സവിതാബെന്നിന്‍റെ കുടുംബത്തിനും ഖാദി ഗ്രാമോദ്യോഗ ഭവനില്‍ നിന്ന് വലിയൊരു ചര്‍ക്ക ലഭിച്ചു. സവിത ചര്‍ക്കയില്‍ പരുത്തിനൂല്‍ നൂറ്റ് അത് മില്ലുകളില്‍ വില്‍പന നടത്താന്‍ തുടങ്ങി. നൂല്‍ നൂല്‍ക്കാന്‍ എല്ലാവരും സഹായിക്കും. കുടുംബത്തിന് ബുദ്ധിമുട്ടില്ലാതെ കഴിയാമെന്നായി. തുണിമില്ലുകള്‍ക്ക് ധാരാളം കല്‍ക്കരി ആവശ്യമാണ്. തങ്ങളുടെ ഉപയോഗം കഴിഞ്ഞ് പാതി വെന്ത കല്‍ക്കരി അവര്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കും. തന്‍റെ വീട്ടിലെ അടുക്കളയില്‍ വേണ്ട ഇന്ധനത്തിനായി താന്‍ നടത്തുന്ന കഷ്ടപ്പാടുകളറിയാവുന്ന സവിതയുടെ കുശാഗ്രബുദ്ധി അതില്‍ വലിയൊരു അവസരം കണ്ടെത്തി. തുണിമില്ലുകളില്‍ നിന്ന് പാതി വെന്ത കല്‍ക്കരി ശേഖരിച്ച് വീടുകള്‍ക്കു നല്‍കുക.

പിന്നെ അമാന്തിച്ചില്ല. ഒരു കൈവണ്ടി വാടകയ്ക്കെടുത്ത്, തുണിമില്ലുകളില്‍ നിന്നു ശേഖരിച്ച കല്‍ക്കരിയുമായി അവര്‍ കച്ചവടം തുടങ്ങി. വളരെ പെട്ടെന്നാണ് കച്ചവടം പച്ചപിടിച്ചത്. അതോടെ അവര്‍ ഒരു കൈവണ്ടി കൂടെ സംഘടിപ്പിച്ച് മൂത്ത മകനെയും കച്ചവടത്തിനു കൂട്ടി. നാളുകള്‍ കടന്നപ്പോള്‍ ദിവസം നാലു കൈവണ്ടി കല്‍ക്കരി എന്ന നിലയിലേക്ക് വില്‍പന വര്‍ദ്ധിച്ചു. പാതിവെന്ത കല്‍ക്കരിയുടെ കച്ചവടം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സവിതയുടെ മനസില്‍ മറ്റൊരു ചിന്ത കടന്നു കൂടി. പാതി വെന്ത കല്‍ക്കരിക്കു പകരം എന്തുകൊണ്ട് വന്‍തോതില്‍ നല്ല കല്‍ക്കരി വാങ്ങി അഹ്മദാബാദിലെ ഇഷ്ടികച്ചൂളകള്‍ക്ക് വിറ്റു കൂടാ? ഒരു ദളിതയുവതിയെ വിശ്വാസത്തിലെടുക്കാന്‍ സമൂഹത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ തയാറായിരുന്നില്ല. പക്ഷേ ജീവിതത്തിലെ ഉയര്‍ച്ച മാത്രം സ്വപ്നം കണ്ടു കൊണ്ടു നടന്ന സവിതയുടെ മുന്നില്‍ പ്രപഞ്ചശക്തി അതിനുള്ള അവസരം കൊണ്ടെത്തിച്ചു. ജെയിനനായ ഒരു കച്ചവടക്കാരന്‍ അവളുടെ തുണയ്ക്കെത്തി. തനിക്കു കല്‍ക്കരി വാങ്ങാന്‍ സര്‍ക്കാരില്‍ നിന്നു ലഭിച്ച കല്‍ക്കരി ക്വോട്ടാ മുഴുവന്‍ അദ്ദേഹം സവിതയെ ഏല്‍പ്പിച്ചു. അഹ്മദാബാദ് റെയില്‍വേ ഗുഡ്സ് യാര്‍ഡിലെത്തുന്ന മുഴുവന്‍ കല്‍ക്കരിയുടെയും കമ്മീഷന്‍ ഏജന്‍റായി മാറി സവിതാബെന്‍.

സെറാമിക്സ് ബിസിനസ്

സവിതാബെന്‍ കല്‍ക്കരി നല്‍കിയിരുന്ന ഒരു സെറാമിക്സ് ഫാക്ടറി വില്‍ക്കാനുണ്ടെന്ന് അറിവു ലഭിച്ചപ്പോള്‍ സവിതയുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. കപ്പുകളും പ്ലേറ്റുകളും ഉണ്ടാക്കുന്ന ആ ഫാക്ടറി വലിയ വില കൊടുക്കാതെ സവിത സ്വന്തമാക്കി. തൊണ്ണൂറുകളുടെ തുടക്കം. ഇന്‍ഡ്യയില്‍ സെറാമിക്സ് ടൈലുകളുടെ വില്‍പന ഗണ്യമായി വര്‍ദ്ധിക്കുന്ന സമയം. അപ്പോഴേക്കും മൂത്ത മകന്‍ മുകേഷ് ബിസിനസില്‍ അമ്മയെ സഹായിച്ചു തുടങ്ങിയിരുന്നു. സവിത അടുത്ത ബിസിനസ് സംരംഭത്തെക്കുറിച്ച് ചിന്തിച്ചു. അങ്ങനെ 1991-ല്‍ അഹ്മദാബാദിനടുത്ത് നന്ദ്സെനില്‍ സ്വന്തമായുണ്ടായിരുന്ന സ്ഥലത്ത് സെറാമിക്സ് ടൈലുകള്‍ നിര്‍മിക്കുന്ന ഒരു ഫാക്ടറി അവര്‍ ആരംഭിച്ചു. 1996-ല്‍ ഇറ്റലിയില്‍ നിന്ന് അത്യാധുനിക രീതിയിലുള്ള ഒരു പ്ലാന്‍റ് ഇറക്കുമതി ചെയ്ത് സ്ഥാപിച്ചതോടെ അത് ഇന്‍ഡ്യയിലെ മികച്ച സെറാമിക്സ് ടൈല്‍ നിര്‍മാണശാലകളിലൊന്നായി മാറി. 2000-ല്‍ മികച്ച ചെറുകിട വ്യവസായസംരംഭകര്‍ക്ക് നല്‍കുന്ന ദേശീയ പുരസ്കാരം സവിതാബെന്‍ പാര്‍മര്‍ക്കു ലഭിച്ചു. ഇന്‍ഡ്യയിലെ ഏറ്റവും വലിയ സെറാമിക്സ് ടൈല്‍ ഉല്‍പാദകരിലൊന്നാണ് സവിതയുടെ സ്റ്റെര്‍ലിംഗ് സെറാമിക്സ് പ്രൈവറ്റ് ലിമിറ്റഡ്. സ്വന്തമായ ബ്രാന്‍ഡിനോടൊപ്പം എച്. ആന്‍ഡ് ആര്‍. ജോണ്‍സണ്‍ പോലുള്ള വന്‍കിട സെറാമിക്സ് ടൈല്‍ നിര്‍മാതാക്കള്‍ക്കു വേണ്ടിയും സവിതാബെന്നിന്‍റെ ഫാക്ടറിയില്‍ ടൈല്‍ ഉല്‍പാദിപ്പിക്കുന്നുണ്ടിപ്പോള്‍.

വെല്ലുവിളികളില്‍ അവസരം കണ്ടെത്തുക

സവിതാബെന്‍ പാര്‍മറുടെ ജീവിതം നല്‍കുന്ന പാഠമെന്തെന്നോ? ഫലം എന്തുമായിക്കൊള്ളട്ടെ, വെല്ലുവിളികളെ അവസരമാക്കിയെടുക്കാന്‍ പരമാവധി ശ്രമിക്കുക. ‘അമ്മ തനിക്ക് കല്‍ക്കരി നല്‍കാന്‍ വിസമ്മതിച്ച നിമിഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി താന്‍ നേരിട്ടത്’ എന്ന് സവിതാബെന്‍ പിന്നീട് ഒരു ഇന്‍റര്‍വ്യൂവില്‍ പറയുന്നുണ്ട്. നമുക്ക് വിജയിക്കാന്‍ അവസരവുമായി ആരും മുന്നോട്ടു വരുകയില്ല. അവനവന്‍റെ തലയ്ക്ക് സ്വന്തം കൈത്തലമേ താങ്ങാകുകയുള്ളു എന്നതാണ് ജീവിതയാഥാര്‍ത്ഥ്യം. ആ താങ്ങ് നാം നല്‍കുമ്പോള്‍ അതിനെ തുണയ്ക്കാന്‍ പ്രപഞ്ചശക്തി സ്വയം പ്രത്യക്ഷമാകും.

Upcoming Global Scholar Workshop

Upcoming NLP Sales Mastery Event

 Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.Cart

View cart


Want a call from our Counselor? 

 

 

%d bloggers like this:
lifeline

FREE
VIEW