മൗഫാക് അല്‍ ഗദ്ദാഫ് – സ്വപ്ന സാഫല്യം.

Written by on 30th January 2018

 

മറ്റു കുട്ടികള്‍ പന്തു തട്ടി കളിക്കുമ്പോഴൊക്കെ മൗഫാക് അല്‍ ഗദ്ദാഹ് എന്ന ബാലന്‍ കച്ചവടക്കാരന്‍റെ വേഷംകെട്ടി കളിക്കാനാണിഷ്ടപ്പെട്ടത്. പഴയ കടലാസും പൊട്ടിയ സാധനങ്ങളുമൊക്കെ നിരത്തിവച്ച ഗദ്ദാഹ് കച്ചവടക്കാരനായി ഇരിക്കും. കൂട്ടുകാര്‍ അത് വാങ്ങണം. പഴയ പത്രക്കടലാസ് ചെറുതുണ്ടുകളാക്കി കീറിയതും കോള കുപ്പിയുടെ അടപ്പുമൊക്കെയാണ് നാണയമായി ഉപയോഗിക്കുക. അങ്ങനെ കളിച്ച് ഓരോ ദിവസവും ധാരാളം പണമുണ്ടാക്കുന്നതായി ഭാവിക്കും. എന്നെങ്കിലുമൊരിക്കല്‍ ഇതുപോലെ കച്ചവടം ചെയ്ത് കോടീശ്വരനാകണമെന്ന് ഗദ്ദാഹ് അന്നേ സ്വപ്നം കണ്ടു.

കുവൈറ്റിലേക്ക്

സിറിയയിലെ വളരെ ദരിദ്രമായ ഒരു ഗ്രാമത്തിലാണ് ഗദ്ദാഹിന്‍റെ ജനനം. ദരിദ്രരായ മാതാപിതാക്കള്‍. വല്ലപ്പോഴും ഭക്ഷണം. കളിച്ചു നടക്കുന്നതിനിടയിലും ഇടയ്ക്കൊക്കെ ഗദ്ദാഹ് ഗൗരവമായി ചിന്തിക്കും. പണമുണ്ടാക്കി മാതാപിതാക്കള്‍ക്ക് നല്ലൊരു ജീവിതം കൊടുക്കണം. ഇടയ്ക്ക് ഏതോ പത്രക്കടലാസില്‍ കോട്ടും സ്യൂട്ടുമിട്ട സുമുഖനായ ഒരു യുവാവിന്‍റെ ചിത്രം കണ്ടപ്പോള്‍ എന്നെങ്കിലും ഒരു ദിവസം തനിക്കും ഇതുപോലെ വേഷം ധരിച്ച് നടക്കണമെന്ന് ബാലനായ ഗദ്ദാഹ് ആഗ്രഹിച്ചു. പക്ഷേ അതിനെന്തു ചെയ്യണമെന്നു മാത്രം കൗമാരത്തിലേക്ക് കാലുകുത്തുന്ന അവനറിഞ്ഞുകൂടായിരുന്നു.

അങ്ങനെയിരിക്കെ പതിനഞ്ചാമത്തെ വയസില്‍ ഗദ്ദാഹ് ഒരു ബന്ധുവിനൊപ്പം ജോലി തേടി കുവൈറ്റില്‍ എത്തി. സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ കുവൈറ്റില്‍ തനിക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുമെന്നായിരുന്നു ഗദ്ദാഹിന്‍റെ സ്വപ്നം. സ്വപ്നം തെറ്റിയില്ല. കുവൈറ്റിലെ ഒരു സൂക്കില്‍ (മാര്‍ക്കറ്റ്), ഒരു കടയില്‍ സെയില്‍സ്മാനായി ബന്ധു ഗദ്ദാഹിന് ജോലി ശരിയാക്കി കൊടുത്തു.

ദൃശ്യവല്‍ക്കരണത്തിലൂടെ സ്വപ്നസാഫല്യം

കച്ചവടത്തില്‍ ഗദ്ദാഹിന് അനിതരസാധാരണമായ സാമര്‍ത്ഥ്യമുണ്ടായിരുന്നു. കുറെ ദിവസം സൂക്കില്‍ ജോലി ചെയ്തുകഴിഞ്ഞപ്പോള്‍ കച്ചവടത്തിന്‍റെ കുറെ രഹസ്യങ്ങള്‍ കൂടി അവന് മനസിലായി. സൂക്കിലെ കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കുമ്പോഴൊക്കെ സ്വന്തം കടയിലെ സാധനങ്ങള്‍ വില്‍ക്കുന്നതായി അവന്‍ വെറുതെ ഭാവിച്ചു. ആ കട അവന്‍റെ സ്വന്തം കടയാണെന്നും അവന്‍ ഇടയ്ക്കിടെ വൃഥാ സങ്കല്‍പിച്ചു. കടയുടമസ്ഥന്‍ കടയിലില്ലാത്ത അവസരങ്ങളിലൊക്കെ അവന്‍ അയാളുടെ ഇരിപ്പിടത്തില്‍ കയറി ഇരിക്കും. ഈ സങ്കല്‍പങ്ങളുടെയൊക്കെ ആനന്ദം അവനെ വല്ലാതെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു.

ഒരു ദിവസം, സ്വപ്നം സഫലീകരിക്കാന്‍ സൂക്കിന്‍റെ ഒരു ഭാഗത്ത് ചെറിയൊരു ബൂത്ത് ക്രമീകരിച്ച് വസ്ത്രവില്‍പ്പന തുടങ്ങി. ലൈസന്‍സ് എടുക്കുന്നതിന്‍റെ നൂലാമാലകളൊക്കെ ആലോചിച്ച് ഗദ്ദാഹ് അതിനൊന്നും പോയില്ല. മാര്‍ക്കറ്റില്‍ ലൈസന്‍സില്ലാതെ കച്ചവടം നടത്തുന്നത് ഗുരുതരമായ കുറ്റമാണെങ്കിലും എന്തുംവരട്ടെ എന്ന ധൈര്യത്തിലാണ് ഗദ്ദാഹ് ബൂത്ത് ക്രമീകരിച്ചത്. മൊത്തക്കച്ചവടക്കാരില്‍ നിന്ന് തുണി വാങ്ങി ബൂത്തില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തി. സാമാന്യം ഭേദപ്പെട്ട ലാഭം കിട്ടിക്കൊണ്ടിരുന്നു.

വെല്ലുവിളികള്‍ക്കെതിരെ

ഗള്‍ഫ് വിപണിയിലേക്കുള്ള കവാടം കുവൈറ്റാണ്. അതുകൊണ്ട് കുവൈറ്റില്‍ പോയി മൊത്തവിലയ്ക്ക് സ്പെയര്‍പാര്‍ട്സ് വാങ്ങി അബുദാബിയില്‍ കൊണ്ടുവന്ന് വില്‍ക്കാന്‍ തുടങ്ങി. കച്ചവടം പച്ചപിടിച്ചപ്പോള്‍ സാധനങ്ങള്‍ വാങ്ങാന്‍ യൂറോപ്പിലേക്കും ജപ്പാനിലേക്കും അമേരിക്കയിലേക്കും ഗദ്ദാഹ് പറന്നു. വെല്ലുവിളികളുണ്ടെങ്കിലേ ജീവിതം മുന്നോട്ടു പോകൂ എന്നു വിശ്വസിച്ച ഗദ്ദാഹ് ഇത്തരം തടസങ്ങളെയൊക്കെ അവഗണിച്ചു. കച്ചവടത്തില്‍ ധാരാളം റിസ്കെടുത്തതിനാല്‍ ഇന്നിപ്പോള്‍ യു.എ.ഇ.യിലെ ഏറ്റവും വലിയ ഓട്ടോപാര്‍ട്സ് വിതരണക്കാരാണ് മൗഫാക് അല്‍ ഗദ്ദാഹ് ഗ്രൂപ് (എം.എ.ജി. ഗ്രൂപ്).Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.
Cart

View cart


Want a call from our Counselor? 

 

 

%d bloggers like this:
lifeline

FREE
VIEW