ആഷിഷ് ഥാക്കര്‍ – ബിസിനസിലെ ധാര്‍മികത

Written by on 16th January 2018

വിജയം വരിച്ച ബിസിനസ് സംരംഭങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ശ്രദ്ധേയമായ ഒരു കാര്യം അവയെല്ലാം തന്നെ ചില ധാര്‍മികമൂല്യങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണെന്നാണ്. ഏതു വിധേനെയും പണമുണ്ടാക്കാനായി എന്തു ഹീനമാര്‍ഗമുപയോഗിച്ചും ബിസിനസ് നടത്തിയാല്‍ അത് താല്‍ക്കാലികമായ നേട്ടങ്ങളുണ്ടാക്കിയേക്കാം. എന്നാല്‍ വളരെ പെട്ടെന്നു തന്നെ അവ തകര്‍ന്നടിയും. ലോകനന്മയ്ക്കായി ഉപയോഗിക്കാനുള്ള വസ്തുവാണ് പണം എന്ന തിരിച്ചറിവാണ് ഒരു യഥാര്‍ത്ഥ ശതകോടീശ്വരന്‍റെ ആത്മീയോര്‍ജം.

കേവലം 30 വയസാകുമ്പോഴേക്കും ലോകത്തിലെ ശതകോടീശ്വരന്മാരിലൊരാളായി മാറിയ ആഷിഷ് ഥാക്കര്‍ എന്ന യുവാവിന്‍റെ വിജയകഥ കേള്‍ക്കുമ്പോള്‍ ബിസിനസിലെ ധാര്‍മികതയുടെ പ്രാധാന്യം നമുക്ക് മനസിലാവും. ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ ഏറ്റവും വലിയ ബിസിനസ് സമുച്ചയമായ മാരാ ഗ്രൂപ്പിന്‍റെ അധിപനാണ് ആഷിഷ് ഥാക്കര്‍. ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍. 9000-ത്തിലധികം ജീവനക്കാരും 24-ല്‍പരം രാജ്യങ്ങളിലെ സാന്നിധ്യവും. റിയല്‍ എസ്റ്റേറ്റ്, ടെക്നോളജി, അഗ്രിക്കള്‍ച്ചര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഹോട്ടല്‍, പേപ്പര്‍ ഇന്‍ഡസ്ട്രി…. മാരാ ഗ്രൂപ്പിന്‍റെ സുവര്‍ണകരങ്ങള്‍ എത്തിച്ചേരാത്ത മേഖലകളില്ല. അനുപമമായ വിജയത്തിന്‍റെ രത്നകിരീടമണിയുമ്പോഴും ആഷിഷ് പറയുന്നു. ‘വിശ്വസ്തതയും സുതാര്യതയുമാണ് ഒരു നല്ല ബിസിനസിന്‍റെ കരുത്ത്.’

ജീവന്‍ പണയം വച്ച പലായനം

ദുരന്തം തുടരെ വേട്ടയാടിയ കുടുംബമാണ് ആഷിഷിന്‍റേത്. എണ്‍പതുകളില്‍ ഈദി അമീന്‍ എന്ന സേച്ഛാധിപതിയുടെ കിരാതഭരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറിയതാണ് ആഷിഷിന്‍റെ കുടുംബം. ഇംഗ്ലണ്ടിലാണ് ആഷിഷ് ജനിച്ചത്. ഈദി അമീന്‍റെ കാലശേഷം 1992-ല്‍ അവര്‍ റുവാണ്ടയില്‍ തിരിച്ചെത്തി. ചെറിയൊരു ബിസിനസുമായി ഉപജീവനം തേടി. പക്ഷേ ദുര്‍വിധി അവരുടെ ജീവിതത്തെ വിട്ടൊഴിഞ്ഞിരുന്നില്ല. 1994 ഏപ്രിലില്‍ റുവാണ്ടയില്‍ ആഭ്യന്തര കലാപമായാണ് ആ ദുരന്തം വീണ്ടും വന്നെത്തിയത്. കൂര്‍ത്തു മൂര്‍ത്ത ബയണറ്റിന്‍റെ മുനയില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് ആഷിഷും കുടുംബവും രക്ഷപ്പെട്ടത്. അന്ന് അതുവരെ സമ്പാദിച്ചതെല്ലാം നഷ്ടപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആഷിഷിനും കുടുംബത്തിനും കഴിഞ്ഞു. പതിമൂന്നുകാരനായ ആഷിഷിന് അപ്പോഴും വിശ്വാസമുണ്ടായിരുന്നു. ദൈവം തങ്ങള്‍ക്കു വേണ്ടി മറ്റെന്തൊക്കെയോ നീക്കിവച്ചിട്ടുണ്ടെന്ന്. അവര്‍ വീണ്ടും ഇംഗ്ലണ്ടിലെത്തി.

കമ്പ്യൂട്ടര്‍ കൊണ്ടുവന്ന ഭാഗ്യം

ആഫ്രിക്ക ഉപേക്ഷിക്കാന്‍ അവര്‍ക്ക് ഒരു കാലത്തും ആകുമായിരുന്നില്ല. കലാപം തീര്‍ന്നപ്പോള്‍ ആഷിഷിന്‍റെ കുടുംബം ഉഗാണ്ടയിലേക്കാണ് തിരിച്ചെത്തിയത്. മെല്ലെ മെല്ലെ ജീവിതം സാധാരണ മട്ടിലായി. ആഷിഷ് വിദ്യാഭ്യാസം തുടര്‍ന്നു. പതിനഞ്ചു വയസ്സുള്ളപ്പോള്‍ അച്ഛന്‍ ആഷിഷിന് ഒരു കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുത്തു. ആയിടയ്ക്ക് വീട് സന്ദര്‍ശിച്ച ഒരു ബന്ധുവിനോട് തനിക്ക് രണ്ട് കമ്പ്യൂട്ടറുണ്ടെന്നും അതിലൊന്ന് ന്യായമായ വിലയ്ക്ക് ബന്ധുവിന് കൊടുക്കാമെന്നും അവന്‍ പറഞ്ഞു. വെറുതെ പറഞ്ഞതാണെങ്കിലും ബന്ധു അത് കാര്യമായി എടുത്തു. അതാണ് ആഷിഷിന്‍റെ ആദ്യത്തെ കച്ചവടം. ആ ഇടപാടില്‍ ചെറിയൊരു ലാഭം (100 ഡോളര്‍) കിട്ടിയപ്പോള്‍ അതില്‍ വലിയ ഒരു ബിസിനസ് സാധ്യത ആഷിഷിന്‍റെ മനസില്‍ തെളിഞ്ഞു. തനിക്കൊരു ഇലക്ട്രോണിക് ഷോപ്പ് ഇട്ടുതരണമെന്ന് അവന്‍ അച്ഛനോട് പറഞ്ഞു.

ധാര്‍മികതയിലധിഷ്ഠിതമായ ജീവിതവീക്ഷണം

കടമെടുത്ത 6000 ഡോളര്‍ മുതല്‍മുടക്കി അദ്ദേഹത്തിന്‍റെ കടയുടെ അടുത്തുതന്നെ ചെറിയൊരു ഷോപ്പ് ആഷിഷ് തുടങ്ങി. ഫ്ളോപ്പി ഡിസ്ക്, കമ്പ്യൂട്ടര്‍, പെരിഫറല്‍സ് മുതലായവയാണ് ആദ്യം കച്ചവടം നടത്തിയത്. ദുബായില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കൊണ്ടു വന്ന് ന്യായമായ വിലയ്ക്ക് വില്‍ക്കും. ഓരോ മാസം കഴിയുമ്പോഴും കച്ചവടം വികസിച്ചുകൊണ്ടിരുന്നു. അപ്പോള്‍ സ്ഥിരമായി ദുബായ്യില്‍ പോയി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അവിടെ ഒരു ഓഫീസ് തുറന്നു. എത്ര ലാഭം കിട്ടുമെന്നു വന്നാലും ഒരിക്കല്‍പോലും അന്യായമായ വില വാങ്ങാനോ ഗുണനിലവാരം കുറഞ്ഞ സാധനം വില്‍ക്കാനോ ആഷിഷ് തയാറായില്ല. ഏതു കച്ചവടത്തിലും ഒരു ധാര്‍മികനീതി ഉണ്ടെന്ന് അന്നേ ആഷിഷ് വിശ്വസിച്ചു.

ബിസിനസ് വളര്‍ന്നതോടൊപ്പം ലഭിക്കുന്ന സമ്പത്തിന്‍റെ ഒരു പങ്ക് സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടി മാറ്റി വയ്ക്കണം എന്ന തീവ്രമായ അഭിലാഷവും ആ യുവാവില്‍ ശക്തമായി. മാരാ ഫൗണ്ടേഷന്‍ എന്ന പേരില്‍ സ്ഥാപനത്തിന് രൂപം കൊടുക്കുന്നത് ആ അഭിലാഷത്തിന്‍റെ പൂര്‍ത്തീകരണത്തിനായിട്ടാണ്. മെന്‍ററിംഗാണ് മാരാ ഫൗണ്ടേഷന്‍റെ പ്രധാന ദൗത്യം. ആഫ്രിക്കയിലെ യുവസംരംഭകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം കൊടുക്കുകയും അവരെ വളര്‍ത്തിക്കൊണ്ടു വരുന്നതിന് ആവശ്യമാണെങ്കില്‍ നിക്ഷേപസഹായം നല്‍കുകയും ചെയ്യുകയാണ് മാരാ ഫൗണ്ടേഷന്‍റെ ലക്ഷ്യം. സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യണമെന്നുള്ളത് ശക്തമായ ഒരഭിനിവേശമായി ആഷിഷ് ഇപ്പോഴും മനസില്‍ സൂക്ഷിക്കുന്നു.Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.
Cart

View cart


Want a call from our Counselor? 

 

 

%d bloggers like this:
lifeline

FREE
VIEW