ആന്‍ഡിന – കലാഭിരുചി ബിസിനസാകുമ്പോള്‍

Written by on 12th January 2018

ബിസിനസില്‍ ഏറ്റവും വിലപ്പെട്ടത് അതിനൂതനമായ ആശയങ്ങളാണ്. നല്ല ആശയങ്ങള്‍ ഉണ്ടെങ്കില്‍ മൂലധനമുടക്കും സഹായവും തനിയെ വന്നുകൊള്ളും.

കാന്‍വാസ് ഷൂവിന്‍റെ വെളുത്ത പ്രതലത്തില്‍ നോക്കിയിരിക്കുമ്പോള്‍ മനോഹരമായ ഒരാശയം ആന്‍ഡിനയുടെ മനസില്‍ വിരിഞ്ഞു. മലകളും താഴ്വാരവും മലകള്‍ക്ക് ഇടയിലൂടെ ഉദിച്ചുയരുന്ന സൂര്യനും ആകാശത്ത് പറക്കുന്ന പക്ഷികളും. വിവിധ നിറങ്ങളിലുള്ള സ്കെച്ച് പേനകള്‍ അവളുടെ വിരലുകള്‍ക്കിടയില്‍ ദ്രുതഗതിയില്‍ ചലിച്ചു. ഭാവനയില്‍ നിന്ന് മലയും പക്ഷിയും സൂര്യനുമൊക്കെ കാന്‍വാസ് ഷൂവിലേക്ക് ഒലിച്ചിറങ്ങി. അര മണിക്കൂര്‍. ഭാവനയുടെ മായാലോകത്തു നിന്ന് തിരിച്ചു വന്നപ്പോള്‍ അവള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തികച്ചും സാധാരണമായിരുന്ന ആ കാന്‍വാസ് ഷൂവിന് എന്തൊരു ചന്തം. അതിന് പ്രകൃതിയുടെ സ്വാഭാവിക ജീവന്‍. അതേപോലുള്ള ഒരു ഡിസൈന്‍ അവള്‍ രണ്ടാമത്തെ ഷൂവിലും വരച്ചു. നിറം കൊടുത്തു.

ഒരു സാധാരണ കാന്‍വാസ് ഷൂവിന്‍റെ അസാധാരണമായ രൂപമാറ്റം അവളെ വിസ്മയിപ്പിച്ചു. അവളതു സഹോദരി നെരിസയെ വിളിച്ചു കാണിച്ചു. കാരണം ബാന്ദും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്കൂള്‍ ഓഫ് ബിസിനസ് ആന്‍റ് മാനേജ്മെന്‍റില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു നെരിസ. ആന്‍ഡിനയുടെ ചിത്രരചന പാടവത്തെക്കുറിച്ച് അറിയാമായിരുന്ന നെരിസയുടെ മനസില്‍ അതിലൊരു അപാരമായ സാധ്യത കണ്ടു.

വെള്ളിവെളിച്ചത്തിലേക്ക്

ആന്‍ഡിന ഡിസൈന്‍ ചെയ്ത കാന്‍വാസ് ഷൂവുമിട്ടാണ് അടുത്ത ദിവസം നെരിസ കോളേജില്‍ പോയത്. കാണുന്നവരൊക്കെ കൗതുകത്തോടെ അടുത്തുകൂടി. ഇത്തരം ഡിസൈനിലുള്ള ഒരു കാന്‍വാസ് ഷൂ അവര്‍ ആദ്യം കാണുകയായിരുന്നു. അന്നു വൈകിട്ട് വീട്ടിലെത്തിയ നെരിസ ആന്‍ഡിനയോടു പറഞ്ഞു. അനിയത്തീ, നിന്‍റെ ഈ കരവിരുതിന്‍മേല്‍ നമ്മുടെ ഭാഗ്യം തെളിയാന്‍ പോകുകയാണ്! ഡിസൈനര്‍ പെയിന്‍റഡ് കാന്‍വാസ് ഷൂ നിര്‍മിക്കാന്‍ സ്പോട്ട്ലൈറ്റ് എന്ന പേരില്‍ ഒരു കമ്പനി അവര്‍ രജിസ്റ്റര്‍ ചെയ്തു. മാതാപിതാക്കള്‍ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ആവശ്യക്കാര്‍ക്കുവേണ്ടി പ്രത്യേകം ഷൂ പെയിന്‍റു ചെയ്താണ് ആദ്യം തുടങ്ങിയത്. ക്രമേണ കിഴക്കന്‍ ജക്കാര്‍ത്തയിലും സമീപപ്രദേശങ്ങളിലുമുള്ള പലരും കാന്‍വാസ് ഷൂവിനായി ആന്‍ഡിനയെ സമീപിക്കാന്‍ തുടങ്ങി. ചിലര്‍ അവര്‍ക്കുവേണ്ട പ്രത്യേക ഡിസൈനുകള്‍ നിര്‍ദേശിക്കുകയും ചെയ്തു.

കമ്പനി വളരുന്നു

2008 ആഗസ്റ്റില്‍ മാതാപിതാക്കളില്‍ നിന്ന് കുറച്ചു തുക കടം വാങ്ങി സഹോദരിമാര്‍ ബിസിനസ് വിപുലീകരിച്ചു. പെയിന്‍റഡ് ഷൂവിനു പുറമേ പെയിന്‍റഡ് ടീ ഷര്‍ട്ടും ബാഗും നിര്‍മിക്കാന്‍ തുടങ്ങി. ജീവനക്കാരുടെ എണ്ണം കൂടി. പ്ലെയിന്‍ കാന്‍വാസ് ഷൂ, ഫാബ്രിക് പെയിന്‍റ്, പെയിന്‍റിംഗ് സ്പ്രേ ഗണ്‍, മറ്റ് വസ്തുക്കള്‍ എന്നിവയ്ക്കായി കൂടുതല്‍ പണം മുടക്കി. സ്റ്റൈല്‍ ഫ്ളാറ്റ്, കോണ്‍വേഴ്സ് സ്റ്റൈല്‍, വാന്‍സ് സ്റ്റൈല്‍, സ്ട്രാപി ഫ്ളാറ്റ്സ്, പ്ലെയിന്‍ വൈറ്റ് എന്നിങ്ങനെ അഞ്ചു മോഡലുകളില്‍ അവര്‍ ഷൂ നിര്‍മിച്ചു. ഇതില്‍ അഞ്ചാമത്തെ മോഡല്‍ ഉപഭോക്താവ് ആവശ്യപ്പെടുന്ന ഡിസൈന്‍ വരയ്ക്കാനുള്ളതായിരുന്നു. ഷൂവിന്‍റെ ഉല്‍പ്പാദനവും പരസ്യവും ആന്‍ഡിനയും കമ്പനിയുടെ ഫിനാന്‍സ,് സപ്ലൈ എന്നിവ നെരിസയും കൈകാര്യം ചെയ്തു.

പെയിന്‍റു ചെയ്ത ഒരു ജോഡി ഷൂവിന്‍റെ വില 9.90 മുതല്‍ 18 ഡോളര്‍ വരെ ആയിരുന്നു. ബാഗിന്‍റെയും ഷര്‍ട്ടിന്‍റെയും വില 9 ഡോളര്‍. ബിസിനസ് വളര്‍ന്നതോടെ കൂടുതല്‍ വരുമാനമായി കമ്പനിക്ക്. അതോടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള ഒരുക്കത്തിലുമായി.

കൗതുകമുള്ള ഡിസൈനുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ആന്‍ഡിനയുടെ പെയിന്‍റഡ് ഷൂവിന് കൗമാരക്കാരുടെ ഇടയില്‍ പ്രചാരമായി. ഒരാളിന്‍റേതുപോലെ മറ്റൊന്നില്ലാത്തതിനാല്‍ പെയിന്‍റഡ് ഷൂ ധരിക്കുന്നത് കുട്ടികള്‍ അഭിമാനമായി കരുതി. അതോടെ കമ്പനിക്ക് ഇന്‍ഡോനേഷ്യയിലെ എല്ലാ പ്രോവിന്‍സുകളില്‍ നിന്നു മാത്രമല്ല സമീപ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വലിയ ഓര്‍ഡര്‍ ലഭിച്ചു തുടങ്ങി. സ്ലൈറ്റ് എന്ന ബ്രാന്‍ഡില്‍ പെയിന്‍റഡ് ഷൂ എങ്ങും പ്രചാരത്തിലായി. കമ്പനിയുടെ പ്രതിമാസ വരുമാനം 10-22 മില്യണ്‍ ഇന്‍ഡോനേഷ്യന്‍ രൂപയായി വളര്‍ന്നു. ആശയമാണ് ആന്‍ഡിന നബില ഇര്‍വാനിയുടെ വിജയത്തിനാധാരം. വിജയം വരിക്കുന്ന ഏതു സംരംഭത്തിന്‍റെയും തുടക്കം തികച്ചും നൂതനമായ ഒരാശയത്തിന്‍റെ ചെറിയ ബീജത്തില്‍ നിന്നാണ്.Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.
Cart

View cart


Want a call from our Counselor? 

 

 

%d bloggers like this:
lifeline

FREE
VIEW