വിജയത്തിന്‍റെ അര്‍ജുനസൂത്രം

Written by on 3rd January 2018

 

 

ഭാരതേതിഹാസത്തിലെ ശക്തനായ കഥാപാത്രമാണ് അര്‍ജുനന്‍. വില്ലാളിവീരനായ അര്‍ജുനന്‍റെ പര്യായമാണ് ധനഞ്ജയന്‍. ആ പേരു ലഭിച്ചതുകൊണ്ടു തന്നെ, താന്‍ ജയിക്കാനായി ജയിച്ചവനാണ് എന്നായിരുന്നു ചെറുപ്പം മുതല്‍ക്കേ ധനഞ്ജയ് ദത്താര്‍ എന്ന ബാലന്‍റെ വിചാരം. വളര്‍ന്നപ്പോഴും മനസിന്‍റെ ആഴത്തില്‍ അതൊരു തീക്കനലായി കിടന്ന് ധനഞ്ജയിനെ ഇക്കാലമത്രയും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു, വിജയത്തില്‍ നിന്ന് വിജയത്തിലേക്ക്.

അച്ഛന്‍ മഹാദേവ് ദത്താറിന് എയര്‍ ഫോഴ്സില്‍ ചെറിയൊരു ജോലിയായിരുന്നതിനാല്‍ ജനിച്ചപ്പോള്‍ മുതല്‍ ഒരിടത്തും സ്ഥിരമായി താമസിക്കാന്‍ കഴിഞ്ഞില്ല ധനഞ്ജയിന്. അകോല ജില്ലയിലെ ശീര്‍ഖെഡ് എന്ന ചെറിയൊരു ഗ്രാമത്തിലെ മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പമായിരുന്നു ധനഞ്ജയ്. മകന് എയര്‍ ഫോഴ്സില്‍ ജോലിയുണ്ടെങ്കിലും മകന്‍റെ ഔദാര്യങ്ങളൊന്നും മുത്തശ്ശനും മുത്തശ്ശിയും സ്വീകരിക്കാന്‍ തയാറായിരുന്നില്ല. അതുകൊണ്ട് അതീവദാരിദ്ര്യത്തിലാണ് അവര്‍ കഴിഞ്ഞിരുന്നത്. രാവിലെ പ്രാതലിന് മിക്കപ്പോഴും ഒന്നുമില്ല. ഉച്ചഭക്ഷണം വല്ലപ്പോഴും. ധനഞ്ജയ് സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴോ? ഷൂവില്ല, ചെരുപ്പില്ല. ഒരൊറ്റ ജോഡി യൂണിഫോമേയുള്ളു. കഷ്ടപ്പാടിന്‍റെ നാളുകള്‍. പക്ഷേ കുഞ്ഞു ധനഞ്ജയിന് ഒരാശ്വാസമുണ്ടായിരുന്നു. പഠനത്തില്‍ അത്ര മികവൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഒരേ സ്ഥലത്തു തന്നെ താമസിച്ച് ഒരേ സ്കൂളില്‍ത്തന്നെ പഠനം തുടരാമല്ലോ.

ദുബായ്യിലേക്ക്

എന്തായാലും 1973 ആയപ്പോഴേക്കും എയര്‍ഫോഴ്സില്‍ നിന്ന് റിട്ടയര്‍ ചെയ്ത മഹാദേവ് ദത്താറിന് ദുബായ്യിലെ ജബേല്‍ അലി എന്ന സ്ഥാപനത്തില്‍ സ്റ്റോര്‍ മാനേജരായി ജോലി കിട്ടി. അമ്മയോടൊപ്പം ധനഞ്ജയും ദുബായ്യിലേക്കു പോയി. 1974-ല്‍ മഹാദേവ് ജബേല്‍ അലിയിലെ ജോലി രാജിവച്ചു. കൈയിലുണ്ടായിരുന്ന 4500 ദിര്‍ഹാം മുടക്കി ബുര്‍ ദുബായ്യില്‍ ഒരു ചെറിയ പലചരക്കുസ്റ്റോര്‍ തുടങ്ങി. ദുബായ്യിലായതിനാല്‍ അവര്‍ക്ക് ഹിതകരമായ ഒരു പേരും കണ്ടെത്തി. അല്‍ ആദില്‍ സ്റ്റോര്‍. ധനഞ്ജയ് അച്ഛനെ സഹായിക്കാന്‍ കൂടി. പക്ഷേ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കട മെച്ചപ്പെടുന്നില്ല. തട്ടി മുട്ടി പോകുന്നുണ്ടെന്നു മാത്രം. ധനഞ്ജയിന് ഒരു കാര്യം മനസിലായി. എന്തെങ്കിലും കുറേ സാധനങ്ങള്‍ കുത്തി നിറച്ച് കട തുടങ്ങിയതുകൊണ്ട് കാര്യമില്ല. നാം എവിടെയാണോ പ്രവര്‍ത്തിക്കുന്നത് അവിടുത്തെ ആളുകളുടെ അഭിരുചികള്‍ക്ക് പരിഗണന നല്‍കിയേ പറ്റൂ.

ധനഞ്ജയ് അച്ഛനോടു കാര്യം പറഞ്ഞു. ബര്‍ ദുബായ്യിലുള്ള ഇന്‍ഡ്യാക്കാരുടെ അഭിരുചികള്‍ മനസ്സിലാക്കി കടയില്‍ വില്‍പനയ്ക്ക് നിരത്തുന്ന സാധനങ്ങളില്‍ മാറ്റം വരുത്തിയതോടെ സ്റ്റോര്‍ മെല്ലെ വികസിക്കാന്‍ തുടങ്ങി. ഇതിനിടെ പിതാവ് വിശ്രമജീവിതം നയിക്കാനായി മൂംബൈയിലേക്കു തിരിച്ച് പോയി. തുടര്‍ന്ന് ബിസിനസ് നടത്തിപ്പ് ധനഞ്ജയിന്‍റെ ചുമലിലായി. പപ്പടം, ഹെര്‍ബല്‍ ഷാംപൂ, ഹെയര്‍ ഓയ്ല്‍, മസാലക്കൂട്ടുകള്‍, പഞ്ചാബികള്‍ക്കു പ്രിയപ്പെട്ട കേശ് നിഹാര്‍ ഷാംപൂ, താടിയില്‍ പുരട്ടുന്ന ഫിക്സോ ജല്‍ ….. ഇന്‍ഡ്യാക്കാരന്‍റെ അഭിരുചികളുടെ മേല്‍ വലിയ ബിസിനസ് സാദ്ധ്യതകള്‍ ധനഞ്ജയ് കണ്ടെത്തുകയായിരുന്നു.

അച്ചടക്കം – ബിസിനസിലെ ആദ്യപാഠം

പഠിക്കുമ്പോള്‍ കണക്കിന് പിന്നോക്കമായിരുന്നെങ്കിലും പിതാവിന്‍റെ കര്‍ശനമായ ശിക്ഷണത്തില്‍ ലഭിച്ച അച്ചടക്കബോധം ധനഞ്ജയിന് ബിസിനസില്‍ വലിയ തുണയായി. കൃത്യസമയത്ത് കട തുറക്കുക, കടയില്‍ സാധനങ്ങള്‍ തീരുന്ന മുറയ്ക്ക് സാധനങ്ങള്‍ വാങ്ങി നിരത്തുക, എല്ലാത്തിന്‍റെയും കണക്കുകള്‍ എഴുതി സൂക്ഷിക്കുക, സ്റ്റോക്ക് കൃത്യമായി പരിപാലിക്കുക എന്നിങ്ങനെയുള്ള ശീലങ്ങള്‍ പിതാവില്‍ നിന്നു പഠിച്ചതാണ്. അതിന് ഫലമുണ്ടായി. ഇന്ന് 4200 കോടി രൂപയുടെ ആസ്തിയുള്ള സ്ഥാപനമാണ് അല്‍ ആദില്‍ ഗ്രൂപ്. അഞ്ഞൂറിലധികം ജീവനക്കാര്‍. പ്രതിദിനം മൂന്നൂറ് ടണ്ണിലേറെ പലചരക്കു സാധനങ്ങള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നു. ദുബായ്യില്‍ പതിനേഴ് സ്റ്റോറുകള്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലായി 29 ബ്രാഞ്ചുകള്‍. വിജയത്തിന്‍റെ ദീപശിഖ അടുത്ത തലമുറയ്ക്ക് കൈമാറാന്‍ ഒരുങ്ങുകയാണ് ധനഞ്ജയ്.

ശിശുവിനെ പരിപാലിക്കുന്നതു പോലെ

എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ പിതാവിന്‍റെ മകന് ബിസിനസ് പാരമ്പര്യമവകാശപ്പെടാന്‍ ഒന്നുമില്ല. എന്നിട്ടും എങ്ങനെയാണ് ധനഞ്ജയിന് കോടീശ്വരനായ ബിസിനസുകാരനാകാന്‍ കഴിഞ്ഞത്?

ബിസിനസിനെ പരിപാവനമായ ഒരു കര്‍മ്മമായിട്ടാണ് ധനഞ്ജയ് കരുതുന്നത്. ബിസിനസിന് ജാതിയും മതവും ഇല്ല. ഏതു പുതിയ ബിസിനസും പിറന്നുവീഴുന്ന ശിശുവിനെ പോലെയാണ്. സ്നേഹവും വാത്സല്യവും നല്‍കി കരുതലോടെ പരിചരിക്കണം. വളര്‍ത്തണം. തുടക്കത്തില്‍ തിരിച്ച് ഇങ്ങോട്ട് ഒന്നും പ്രതീക്ഷിക്കരുത്. ക്ഷമയോടെ വളര്‍ത്തുക. സ്നേഹത്തോടെ വളര്‍ത്തുന്ന കുഞ്ഞ് വലുതാകുമ്പോള്‍ നമ്മെ സംരക്ഷിക്കുന്നതുപോലെ വളര്‍ന്നു വികസിക്കുന്ന ബിസിനസും ഒരു ഘട്ടം കഴിമ്പോള്‍ നമുക്ക് തുണയാകുന്നു. എത്ര ധനികനായാലും ഹൃദയത്തിലെ നന്മയും എളിമയും കൈവിടരുത്. നമുക്ക് ചുറ്റുമുള്ള ജീവനക്കാരും നമ്മുടെ കസ്റ്റമേഴ്സും കുടുംബവുമൊക്കെ ഓരോ ദിവസവും നമുക്ക് നല്‍കുന്ന പാഠങ്ങള്‍ പഠിക്കണം. ബിസിനസിലൂടെ നമുക്ക് ലഭിക്കുന്ന സമ്പത്ത് അത്രയും നമ്മുടെ കസ്റ്റമേഴ്സ് നല്‍കുന്നതാണെന്ന് മറക്കരുത്. ധനഞ്ജയിന്‍റെ ബിസിനസ് തത്ത്വശാസ്ത്രമാണിത്.Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.
Cart

View cart


Want a call from our Counselor? 

 

 

%d bloggers like this:
lifeline

FREE
VIEW