പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങാന്‍

Written by on 3rd January 2018

Lifeline

 

ഇനി പരീക്ഷാക്കാലമാണ്.

നിങ്ങളുടെ കുട്ടി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?

ഉണ്ട് എന്നായിരിക്കും എല്ലാ മാതാപിതാക്കളുടെയും മറുപടി. എന്നാല്‍, പല കുട്ടികള്‍ക്കും ഇതിന് കഴിയുന്നില്ല. കാരണം എന്താണന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍? കുട്ടിക്ക് ബുദ്ധിയില്ലാത്തതല്ല കാരണം. മറിച്ച് സ്വന്തം കഴിവുകള്‍ എങ്ങനെ വളര്‍ത്തി എടുക്കണം എന്ന് അറിയാത്തതും വേണ്ടരീതിയില്‍ പരിശ്രമിക്കാത്തതുമാണ് പലരുടെയും പ്രശ്നം. പഠനത്തോടും പരീക്ഷയോടുമുള്ള കുട്ടിയുടെയും രക്ഷാകര്‍ത്താക്കളുടെയും സമീപനമാണ് പ്രധാന കാരണം.

ഉയര്‍ന്ന മാര്‍ക്കു വാങ്ങി ഉന്നത വിജയം നേടുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യങ്ങള്‍ വളരെ ലളിതമാണ്. അവയില്‍ ചിലത് ഇതാ :

1. ലക്ഷ്യബോധം : പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്നതിന് ആദ്യം വേണ്ടത് വ്യക്തമായ ലക്ഷ്യനിര്‍ണയമാണ്. ‘എനിക്ക് വിജയിക്കാന്‍ കഴിയും’ എന്ന ആത്മവിശ്വാസം മാത്രമല്ല ‘ഇത്ര മാര്‍ക്കു വാങ്ങാന്‍ കഴിയും’ എന്ന ദൃഢമായ ലക്ഷ്യബോധം കൂടി വേണം. മാര്‍ക്കിന്‍റെ കാര്യത്തില്‍ തീരെ ചെറിയ ലക്ഷ്യമിടരുത്. നൂറ് ശതമാനം ലക്ഷ്യമിട്ടിലെങ്കിലും അത് തൊണ്ണൂറില്‍ കുറയേണ്ട.

2. ബുദ്ധിപൂര്‍വ്വമായ പരിശ്രമം : ഉയര്‍ന്ന മാര്‍ക്ക് നേടണമെങ്കില്‍ ബുദ്ധിപൂര്‍വ്വമായ പരിശ്രമം കൂടിയേ തീരൂ. ‘മകന്‍ വളരെ കഷ്ടപ്പെട്ട് പരിശ്രമിക്കുന്നുണ്ട്’ എന്ന് ചില മാതാപിതാക്കള്‍ പറയും. കഷ്ടപ്പെട്ട് പരിശ്രമിച്ചിട്ട് കാര്യമില്ല. ബുദ്ധിപൂര്‍വ്വമായി പരിശ്രമിക്കണം. ഓരോ ദിവസവും കൃത്യമായ സമയം പഠനത്തിനുവേണ്ടി മാറ്റി വയ്ക്കണം. പഠനം കാര്യക്ഷമമാക്കണം. തുറന്നു പിടിച്ച പുസ്തകത്തിനുമുന്നില്‍ വെറുതെ ഇരിക്കുന്നതുകൊണ്ടോ കുറേ നേരം ഉച്ചത്തില്‍ വായിച്ചതുകൊണ്ടോ അത് പഠനമാവുന്നില്ല.

3. റിവിഷന്‍ : ഓര്‍മ്മശക്തി മനുഷ്യന്‍റെ അനുഗ്രഹമാണ്. അതേസമയം മറവി സഹജമായ ദൗര്‍ബല്യവുമാണ്. മറവി പഠനത്തെയും പരീക്ഷയെയും ബാധിക്കും. ഇതു കുറേയെങ്കിലും പരിഹരിക്കാനുള്ള മാര്‍ഗമാണ് റിവിഷന്‍. പഠിച്ച കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പഠിക്കുന്ന (പരിശോധിക്കുന്ന) പ്രക്രിയയാണ് റിവിഷന്‍. പഠിച്ച കാര്യങ്ങള്‍ മനസ്സിലുറപ്പിക്കാന്‍ റിവിഷന്‍ സഹായിക്കും. റിവിഷനു വേണ്ടി എല്ലാ ദിവസവും കുറേസമയം നിര്‍ബന്ധമായും നീക്കി വയ്ക്കണം.

4. പരീക്ഷയ്ക്കു വേണ്ടി പഠിക്കുക : അറിവ് വര്‍ദ്ധിപ്പിക്കാന്‍ പഠിക്കുന്നതും പരീക്ഷയ്ക്കു വേണ്ടി പഠിക്കുന്നതും രണ്ടും രണ്ടാണ്. ഓരോ വിഷയത്തിന്‍റെയും മാതൃകാ ചോദ്യ പേപ്പറുകള്‍ നോക്കി വേണം ഉത്തരങ്ങള്‍ പഠിക്കാന്‍. കുറഞ്ഞ മാര്‍ക്കുളള ചോദ്യങ്ങള്‍ക്കും കൂടുതല്‍ മാര്‍ക്കുളള ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതുന്നത് വ്യത്യസ്ത രീതികളിലാണ്. അപ്പോള്‍ അവയ്ക്ക് വേണ്ടി പഠിക്കുന്നതും വ്യത്യസ്തമായിട്ടായിരിക്കണം. ചോദ്യത്തിന്‍റെ ഉദ്ദേശ്യം മനസിലാക്കി വേണം ഉത്തരമെഴുതേണ്ടത്. അപ്പോള്‍ പഠനവും അങ്ങനെ വേണം.

5. പരീക്ഷയോടുള്ള സമീപനം : പരീക്ഷയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുക. പരീക്ഷയെ ഭയക്കേണ്ട കാര്യമില്ല. ഏത് ചോദ്യം എങ്ങനെ ചോദിച്ചാലും എനിക്കൊരു പ്രശ്നവുമില്ല എന്ന മനോഭാവമുണ്ടെങ്കില്‍ പരീക്ഷാ പേടി കുറയും. ഞാന്‍ തയാറെടുത്തിട്ടുണ്ട് എന്ന് കുട്ടിക്ക് ആത്മവിശ്വാസം ഉണ്ടാകണം. വലിയ ഏതോ അത്യാഹിതം വരാന്‍ പോകുന്നു എന്ന മട്ടില്‍ കുട്ടികളെ കൂടുതല്‍ ഉല്‍കണ്ഠാകുലരാക്കുന്ന രക്ഷിതാക്കളുണ്ട്. രക്ഷിതാക്കളുടെ ഈ ഉല്‍കണ്ഠയാണ് ആദ്യം മാറ്റേണ്ടത്.

കൃത്യമായ ലക്ഷ്യബോധത്തോടെ ഉല്‍കണ്ഠ ഒഴിവാക്കി പരിശ്രമിച്ചാല്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ കഴിയും.

പഠനം ഇഷ്ടപ്പെടുക, പരീക്ഷകളെ ഭയക്കാതിരിക്കുക.Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.Cart

View cart


Want a call from our Counselor? 

 

 

%d bloggers like this:
lifeline

FREE
VIEW