ദയാനന്ദ് അഗര്‍വാള്‍ – കര്‍മ്മമാണ് ജീവിതം

Written by on 13th February 2018

സ്കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിയ ദയാനന്ദ് അഗര്‍വാളിന്‍റെ മുന്നില്‍ ഭാവി ശൂന്യമായിക്കിടന്നു. വീട്ടിലെ ദാരിദ്ര്യം എങ്ങനെയെങ്കിലും നീക്കണമെന്ന ആഗ്രഹം മൂലം അവന്‍ പണിക്കിറങ്ങി. എങ്കിലും ജോലി ചെയ്തുകിട്ടുന്ന ചെറിയ തുകകളെല്ലാം കൂടി ഒരു ദിവസം 100 കോടി രൂപയായി തീരുന്ന ദിവസത്തെ അവന്‍ നിരന്തരം സ്വപ്നം കണ്ടു. തൊഴില്‍ തേടി പലയിടത്തും അലഞ്ഞു. യാദൃച്ഛികമായി ദയാനന്ദ് ബംഗളൂരുവില്‍ വച്ച് സ്വന്തം നാട്ടുകാരനും അംഗവൈകല്യത്തെ അതിജീവിച്ച് സ്വന്തമായി കമ്പനി നടത്തുകയായിരുന്നൊരാളുടെ സ്ഥാപനത്തില്‍ കണക്കെഴുത്തായി ജോലി കിട്ടി. അപ്പോഴും സ്വന്തമായി നടത്തുന്ന സ്ഥാപനത്തെക്കുറിച്ച് ദയാനന്ദ് ഏറെ സ്വപ്നം കണ്ടു. പിന്നീട് ദയാനന്ദിനെ മദ്രാസിലേക്കും അവിടുന്നു ഹൈദരാബാദിലേ ഓഫീസിലേക്കും സ്ഥലം മാറ്റി.

1984-ല്‍ ഒരു ദിവസം ദയാനന്ദ് സ്റ്റേറ്റ് ബാങ്കിന്‍റെ ചെയര്‍മാനെ പരിചയപ്പെടാനിടയായി. തന്‍റെ കമ്പനിയിലേയും മറ്റു പരിചയമുള്ള പല കമ്പനിയിലേയും അക്കൗണ്ടുകള്‍ സ്റ്റേറ്റ് ബാങ്കിലേക്ക് മാറ്റിക്കൊടുത്തതിന്‍റെ പേരിലും സ്റ്റേറ്റ് ബാങ്കിന് വലിയ അക്കൗണ്ടുകള്‍ പിടിച്ചുകൊടുത്തതിന്‍റെ പേരിലും സന്തോഷം തോന്നിയ സ്റ്റേറ്റ് ബാങ്ക് ചെയര്‍മാന്‍, ദയാനന്ദിന് സമ്മാനമായി ഒരു ടെമ്പോ നല്‍കി.ആ ടെമ്പോ കൊണ്ട് ദയാനന്ദ് ചെറിയൊരു പാഴ്സല്‍ സര്‍വീസ് തുടങ്ങി. ചെയര്‍മാന്‍ നല്‍കിയ ടെമ്പോയ്ക്കു പുറമേ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചും മറ്റും സ്വരൂപിച്ച പണം മുടക്കി നാലു ടെമ്പോ കൂടി വാങ്ങി ഡി.ആര്‍.എസ്. ട്രാന്‍സ്പോര്‍ട്ട് എന്ന പേരില്‍ ബിസിനസ് വിപുലീകരിച്ചു.

തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രതിസന്ധികള്‍ ദയാനന്ദ് നേരിട്ടു. എങ്ങനെയും വിജയിക്കണം എന്ന ഒരേയൊരു ആഗ്രഹം മാത്രമായിരുന്നു മനസില്‍. 1995-ല്‍ തികച്ചും അഗര്‍വാള്‍ മൂവേഴ്സ് ആന്‍റ് പാക്കേഴ്സ് എന്ന ലോജിസ്റ്റിക് കമ്പനി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. ക്യൂബക്സ്, ഏഷ്യന്‍ പെയിന്‍റ്സ് മുതലായ കമ്പനികളായിരുന്നു അഗര്‍വാള്‍ മൂവേഴ്സ് ആന്‍റ് പാക്കേഴ്സിന്‍റെ ആദ്യകാല ക്ലയന്‍റുകള്‍. 2000-ല്‍ ദയാനന്ദ് ബിസിനസ് വികസനവുമായി ബന്ധപ്പെട്ട് യൂറോപ്പില്‍ സന്ദര്‍ശനം നടത്തി. അവിടെ വച്ചാണ് പാഴ്സല്‍ സര്‍വീസിന് വലിയ കണ്ടെയ്നര്‍ ബോക്സുകള്‍ ഉപയോഗിക്കാമെന്ന ആശയം ദയാനന്ദന് തോന്നിയത്. അങ്ങനെ ഇന്ത്യയിലാദ്യമായി പാഴ്സല്‍ സര്‍വീസില്‍ കണ്ടെയ്നറുകള്‍ അഗര്‍വാള്‍ മൂവേഴ്സ് ഉപയോഗിച്ചു തുടങ്ങി.

ഡി.ആര്‍.എസ്. ലോജിസ്റ്റിക്സിന്‍റെ പിന്നീടുള്ള വളര്‍ച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. ഇന്നിപ്പോള്‍ നൂറിലേറെ ഓഫീസുകളും എണ്ണൂറോളം ട്രക്കുകളും ഡി.ആര്‍.എസിനുണ്ട്. സോണി, ഹിന്ദുസ്ഥാന്‍ കമ്പ്യൂട്ടേഴ്സ്, ടാറ്റ, വോഡഫോണ്‍, ബാര്‍ക്ലെയ്സ് എന്നിങ്ങനെ വലിയ കമ്പനികള്‍ ക്ലയന്‍റ്സായി ഉണ്ട്. ഡി.ആര്‍.എസ്. ഇന്‍റര്‍നാഷണല്‍ സ്കൂള്‍ എന്ന പേരില്‍ രാജ്യാന്തര നിലവാരമുള്ള ഒരു സ്കൂള്‍ ദയാനന്ദ് അഗര്‍വാള്‍ തുടങ്ങി. 2017-ല്‍ ഒരു ഇന്‍റര്‍നാഷണല്‍ ലോ സ്കൂള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. സമ്പത്ത്, സമൂഹത്തില്‍ മാന്യത, അംഗീകാരം, പുരസ്കാരങ്ങള്‍…. ദയാനന്ദ് അഗര്‍വാളിന്‍റെ ജീവിതത്തില്‍. സ്വപ്നം കണ്ട ജീവിതം സഫലമാക്കിയതിന്‍റെ സംതൃപ്തി. കര്‍മമാണ് ജീവിതം, ജീവിതമാണ് കര്‍മം. ദയാനന്ദിന്‍റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് എന്തെന്നോ? ഒരു നല്ല ബിസിനസുകാരന് താഴെപറയുന്ന യോഗ്യതകളുണ്ടായിരിക്കണം.

* കുടുംബത്തിന്‍റെ ഭദ്രതയില്‍ കുടുംബാംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ചെറുപ്പം മുതല്‍ക്കേ ഉണ്ടായിരുന്ന ബോധം.
* സാമ്പത്തികഭദ്രത കൊണ്ടേ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകൂ എന്ന തിരിച്ചറിവ്.
* ലക്ഷ്യം ആര്‍ജിക്കുംവരെ നിരന്തരം അധ്വാനിക്കാനുള്ള മനോഭാവം.
* സ്വന്തമായ സ്ഥാപനത്തെക്കുറിച്ചുള്ള അടങ്ങാത്ത അഭിനിവേശം.
* വെല്ലുവിളികള്‍ നേരിടാന്‍ പാകത്തില്‍ സജ്ജമാക്കിയ മനസ്.
* ഏര്‍പ്പെടുന്ന ജോലിയില്‍ തികഞ്ഞ പ്രൊഫഷണലിസം വേണമെന്ന് ദൃഢനിശ്ചയം.
* അവസരങ്ങള്‍ പാഴാക്കാതിരിക്കാനുള്ള സാമാന്യബുദ്ധി.Comments

Leave a Reply

Your email address will not be published. Required fields are marked *Cart

View cart